നവീന സാങ്കേതിക സൗകര്യം ഒരുക്കി ഐ.ആർ.ടി.സി മണ്ണ് പരിശോധന ലാബ്
കൃഷിയിൽ ലാഭം കൈവരിക്കാൻ മണ്ണ്, കാലാവസ്ഥ, തുടങ്ങി പല സാഹചര്യങ്ങൾ അനുകൂലമായി വരേണ്ടതുണ്ട്. കൃഷിയിടങ്ങളിലെ മണ്ണ് വിളക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയതാണോ എന്ന് തിരിച്ചറിയുന്നതിനാണ് മണ്ണ് പരിശോധന നടത്തുന്നത്. നബാർഡ്-KfW സോയിൽ പ്രോജക്ടിന്റെ ഭാഗമായാണ് 2019ൽ മണ്ണ് പരിശോധന സംവിധാനമടക്കം നിരവധി പ്രവർത്തങ്ങൾ ഐ.ആർ.ടി.സി യിൽ ആരംഭിച്ചത്. പാലക്കാട് ജില്ലയിൽ പട്ടാമ്പി മണ്ണ് പരിശോധന ഗവേഷണ കേന്ദ്രത്തിൽ മാത്രമാണ് നിലവിൽ ഈ സംവിധാനമുള്ളത്.
മണ്ണ് പരിശോധനയിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ കൃത്യമായി ചെടികളുടെ പോഷക അപര്യാപ്തത തിരിച്ചറിയുന്നതിനാണ് ടിഷ്യു അനാലിസിസ് എന്നും പ്ലാന്റ് അനാലിസിസ് എന്നും വിളിക്കുന്ന ഈ ടെസ്റ്റ് ഉപയോഗിക്കുന്നത്. മണ്ണിൽ നിന്ന് ലഭിക്കുന്ന വളം കൃത്യമായി ചെടി ആഗിരണം ചെയ്യുന്നുണ്ടോ എന്ന് ഇതിലൂടെ കണ്ടെത്താൻ സാധിക്കും.
സസ്യങ്ങളുടെ വളർച്ചക്കായി പല തോതിൽ 17 ഓളം മൂലകങ്ങൾ ആവശ്യമാണ്. ആവശ്യത്തിനുള്ളത് ലഭിക്കാതെ വരുമ്പോൾ ചെടികൾ അപര്യാപ്തത പല രീതിയിൽ പ്രകടിപ്പിക്കാറുണ്ട്. ഇലകളിൽ കാണുന്ന വെളുത്ത വരകളോ നിറ വ്യത്യാസമോ എല്ലാം ഇത്തരം ആവശ്യമൂലകങ്ങളുടെ ലഭ്യതക്കുറവിന്റെ സൂചനയാണ് നൽകുന്നത്. ഇത്തരം പ്രശ്നങ്ങൾ കണ്ടെത്താനാണു പ്ലാന്റ് അനാലിസിസ് ഉപയോഗപ്പെടുത്തുന്നത്. സസ്യങ്ങളിലെ സൂക്ഷ്മ പോഷകങ്ങളെ അറിയാനുള്ള Atomic absorption Spectro- meter മെഷീനും ഇവിടെ സജ്ജമാണ്. നിലവിൽ കേരളത്തിൽ കാർഷിക സർവകലാശാല, റബ്ബർ ബോർഡ് ലാബ് തുടങ്ങി ചുരുക്കം ചില കേന്ദ്രങ്ങളിലെ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുള്ളു.