ഡോ. ശ്രീധരൻ കെ .
ജൂനിയർ സയന്റിസ്റ്, ഐ.ആർ.ടി.സി
നയന വിസ്മയമായി കടമ്പു മരം ഐ ആർ ടി സി യിൽ പൂത്തു. ഇതിന് കൊറോണ വൈറസിന്റെ ആകൃതിയോട് സാദൃശ്യമുണ്ട്. അതിനാൽ കൊറോണപൂവ് എന്നും അറിയപ്പെടുന്നു.
റൂബിയേസി (Rubiaceae) സസ്യകുടുംബത്തിൽ സിങ്കൊണോയ്ഡേ (Cinchonoidae) വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ഇലപൊഴിയും മരമാണ് കടമ്പ്. Neolamarckia cadamba എന്നാണ് ശാസ്ത്രീയ നാമം. കദംബ, ആറ്റുതേക്ക് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന പേര് വന്നത്. ജലാശയങ്ങളുടെ തീരത്തും നനവാർന്ന
നിത്യഹരിതവനങ്ങളിലുമാണ് ഇവ വളരുന്നത്. ഇലപൊഴിയും മരമെങ്കിലും ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിൽ ഇവ ഒരുമിച്ച് ഇല പൊഴിക്കുന്നില്ല. ഇലകൾക്ക് ഏകദേശം 25 സെന്റീമീറ്റർ നീളവും 8 സെന്റീമീറ്റർ വീതിയുമുണ്ട്.
മഴ കാലത്താണ് (ജൂൺ, ജൂലൈ മാസങ്ങളിൽ) കടമ്പ മരം സാധാരണയായി പൂവിടാറുള്ളത്. വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കൾ കുലകളായി ഉണ്ടാകുന്നു. പൂക്കൾക്ക് ഓറഞ്ച് നിറമാണ്. ചെറുസുഗന്ധമുള്ള പൂക്കളിൽ അഞ്ചു ദളങ്ങൾ ഉണ്ട്. കർണങ്ങളും കേസരങ്ങളും അഞ്ചു വീതം കാണപ്പെടുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.
ഏകദേശം 10 വർഷങ്ങൾക് മുൻപാണ് കടമ്പു മരം ഐ.ആർ.ടി.സിയിൽ നട്ടത്. പലതരത്തിലുള്ള ചിത്ര ശലഭങ്ങളെ ആകർഷിക്കുന്ന കടമ്പ പൂവ് സുഗന്ധം പരത്തുന്നതും കാഴ്ച്ചയിൽ മനോഹരവുമാണ്. കടമ്പ് മരത്തിന്റെ തൊലി, പൂവ്, കായ എന്നിവ ധാരാളം ഔഷധഗുണം നിറഞ്ഞതാണ്.